അവളുടെ ചിലവിൽ ഞാനോ... അയ്യേ!

Our Article published in

സ്നേഹവും പരസ്പരവിശ്വാസവും എന്ന പോലെ വരുമാനത്തിനും ദാമ്പത്യജീവിതത്തില്‍ പ്രധാന സ്ഥാനം ഉണ്ട് . ഒരു വീട്ടിലെ രണ്ടു പേരും സ്വന്തമായി സമ്പാദിക്കുന്നവരാകുമ്പോള്‍ വരുമാനത്തിലെ ഏറ്റക്കുറച്ചിലുകള്‍ പലപ്പോഴും ചര്‍ച്ച ചെയ്യപ്പെടും. പങ്കാളികളില്‍ വരുമാനം കൂടുതല്‍ ഉള്ളയാള്‍ പലപ്പോഴും 'ഡിസിഷന്‍ മേക്കര്‍' ആയി മാറുകയും ഇത് കലഹങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്യുന്നു. വരുമാനം കുറഞ്ഞയാള്‍ അനുഭവിക്കുന്ന അപകര്‍ഷതാബോധവും പ്രശ്നങ്ങള്‍ സൃഷ്ടിക്കാറുണ്ട്. പ്രത്യേകിച്ചും സ്ത്രീക്ക് പുരുഷനേക്കാള്‍ വരുമാനം കൂടുതല്‍ ലഭിക്കുന്ന കുടുംബങ്ങളില്‍.

പ്രവീണും സിതാരയും തിരുവനന്തപുരത്ത് ഐ.ടി മേഖലയില്‍ ജോലി ചെയ്യുന്നവരാണ്. രണ്ടു വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ വിവാഹിതരായവര്‍. ദാമ്പത്യജീവിതത്തിന്‍റെ ആദ്യ മൂന്നു വര്‍ഷങ്ങള്‍ സന്തോഷകരമായി കടന്നു പോയി. ഇതിനിടെ അവര്‍ക്ക് ഒരു കുഞ്ഞു ജനിച്ചു. ആഹ്ലാദം നിറഞ്ഞ ആ ദിവസങ്ങള്‍ക്കിടെയാണ് പ്രവീണ്‍ ജോലി നോക്കിയിരുന്ന സ്ഥാപനത്തില്‍ ചില സാമ്പത്തികപ്രശ്നങ്ങള്‍ ഉടലെടുത്തത്. ജീവനക്കാരില്‍ പലര്‍ക്കും ജോലി നഷ്ടമായി ; പ്രവീണിനും. ഉയര്‍ന്ന ശമ്പളത്തില്‍ ജോലി നോക്കിയിരുന്ന പ്രവീണിന് ഇത് ശരിക്കും ഒരു ഷോക്ക് ആയി. എന്നാല്‍ മറ്റു വരുമാനങ്ങളൊന്നുമില്ലാത്തതിനാല്‍ ഉടന്‍ തന്നെ ഒരു ജോലി കണ്ടുപിടിക്കേണ്ടത് അത്യാവശ്യമായിരുന്നു. ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ പഴയ ജോലിയുടെ പകുതില്‍ താഴെ മാത്രം ശമ്പളം മാത്രമുള്ള ഒരു ജോലിയാണ് പ്രവീണിന് ലഭിച്ചത്. ഈ ജോലിയില്‍ നിന്നു കൊണ്ടു തന്നെ മികച്ച ശമ്പളമുള്ള മറ്റൊരു ജോലിയ്ക്കായുള്ള അന്വേഷണം തുടരാമെന്ന് സിതാര അയാളെ ആശ്വസിപ്പിച്ചു. എന്നാല്‍ സിതാരയേക്കാള്‍ കുറഞ്ഞ ശമ്പളമാണല്ലോ ഇനി തനിക്ക് ലഭിക്കാന്‍ പോകുന്നത് എന്നൊരു വിഷമം പ്രവീണിന്‍റെ ഉള്ളില്‍ ഉണ്ടായിരുന്നു. ജോലി അത്യാവശ്യമായതിനാല്‍ ഈ ഓഫര്‍ നിരസിക്കാനും അയാള്‍ക്കു കഴിഞ്ഞില്ല. കുട്ടി കൂടി ജനിച്ചതോടെ സിതാരയുടെ ഉത്തരവാദിത്വങ്ങള്‍ കൂടിയിട്ടുണ്ടായിരുന്നു. എന്നാല്‍ പ്രവീണാകട്ടെ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചതേയില്ല. വീട്ടിലെ ജോലികളില്‍ സഹായിക്കാന്‍ ഇടയ്ക്ക് സിതാര ആവശ്യപ്പെട്ടിരുന്നുവെങ്കിലും പ്രവീണ്‍ ഇത് കണക്കിലെടുത്തില്ല. ഒരിക്കല്‍ വീട്ടിലെ ഉത്തരവാദിത്വങ്ങളും ജോലിഭാരവും കൊണ്ട് താന്‍ മടുത്തുവെന്ന തരത്തില്‍ സിതാര സംസാരിക്കാനിടയായി. തനിക്ക് വരുമാനം കുറഞ്ഞതിനെ പരിഹസിക്കുന്നതായാണ് പ്രവീണിന് ഇത് അനുഭവപ്പെട്ടത്. ഇത്തരം ചെറിയ വഴക്കുകളില്‍ തുടങ്ങി ഇനി ഒരുമിച്ച് ജീവിക്കാന്‍ കഴിയില്ല എന്ന സ്ഥിതിയായപ്പോഴാണ് അവര്‍ എനിക്ക് അരികിലെത്തിയത്. തനിക്ക് വരുമാനം കുറവാണ് എന്ന അപകര്‍ഷതാബോധം ആദ്യം മുതല്‍ക്കു തന്നെ പ്രവീണിന്‍റെ ഉള്ളില്‍ നിലനിന്നിരുന്നു. ഇതാണ് പ്രശ്നങ്ങള്‍ക്കു തുടക്കമിട്ടത്. കാര്യങ്ങള്‍ താളം തെറ്റുന്നു എന്ന് മനസ്സിലാക്കിയിട്ടും പ്രവീണിനെ കുറ്റപ്പെടുത്തുന്ന രീതിയില്‍ സംസാരിച്ചു കൊണ്ടേയിരുന്നതാണ് സിതാര ചെയ്ത തെറ്റ്. വഴക്കിടുന്നതിനു പകരം ഇരുവരും കാര്യങ്ങള്‍ തുറന്നു സംസാരിച്ചിരുന്നെങ്കില്‍ പ്രശ്നങ്ങള്‍ ഇത്രത്തോളം വഷളാകുമായിരുന്നില്ല. ജോലി നഷ്ടപ്പെടുന്നതും വരുമാനം കുറയുന്നതും ജീവിതത്തില്‍ എപ്പോള്‍ വേണമെങ്കിലും സംഭവിക്കാവുന്ന കാര്യങ്ങളാണ്. അത് ഉള്‍ക്കൊണ്ടു കൊണ്ട് പക്വതയോടെ മുന്നോട്ടു പോകുകയാണ് വേണ്ടത്. അതിന്‍റെ പേരില്‍ വഴക്കടിക്കുമ്പോള്‍ നഷ്ടമാകുന്നത് സ്വന്തം ജീവിതം തന്നെയാകും. പരസ്പരം കുറ്റപ്പെടുത്താതെ കാര്യങ്ങള്‍ തുറന്നു സംസാരിച്ചപ്പോള്‍ തന്നെ പ്രവീണിനും സിതാരയ്ക്കും ഇടയിലെ പ്രശ്നങ്ങള്‍ തീര്‍ന്നു. വീട്ടിലെ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കുമെന്ന് പ്രവീണ്‍ ഉറപ്പു നല്‍കി. ഒപ്പം അയാള്‍ കൂടുതല്‍ നല്ല ഒരു ജോലിയ്ക്കായുളള അന്വേഷണം തുടരുകയും ചെയ്യുന്നു.

താരതമ്യം ഒഴിവാക്കാം

മറ്റൊരാളുമായി താരതമ്യപ്പെടുത്തുമ്പോള്‍ നിങ്ങളുടെ ഉള്ളിലെ സന്തോഷം അസ്തമിക്കുന്നു എന്നൊരു റഷ്യന്‍ പഴമൊഴിയില്‍ പറയുന്നു. സ്വന്തം വരുമാനത്തെ പങ്കാളിയുടേതുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇതു തന്നെയാണ് സംഭവിക്കുന്നത്. സ്വന്തം വരുമാനത്തേയും കഴിവുകളേയും മറ്റൊരാളുമായി താരതമ്യപ്പെടുത്തുന്നതിനു പകരം സ്വയം താരതമ്യം ചെയ്യാനാണ് പഠിക്കേണ്ടത്. ഇനിയും എങ്ങനെ മെച്ചപ്പെടാം എന്ന് സ്വയം ചിന്തിക്കാന്‍ കഴിയണം. വീട്ടിനുളളിലും പുറത്തും വരുമാനത്തെ താരതമ്യം ചെയ്തു കൊണ്ടുള്ള സംസാരങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കുക. പങ്കാളിയ്ക്ക് ഒരുപക്ഷേ നിങ്ങളേക്കാള്‍ കൂടുതല്‍ വരുമാനം ഉണ്ടാവാം എന്നാല്‍ വീട്ടിലെ ചെലവുകളില്‍ ഒരു ഭാഗം നിങ്ങളും വഹിക്കാന്‍ ശ്രദ്ധിക്കുക. വീട്ടില്‍ എനിക്കും തുല്യ ഉത്തരവാദിത്വം ഉണ്ട് എന്ന ചിന്ത മനസ്സിലെ അപകര്‍ഷതാബോധം ഒരുപരിധി വരെ കുറയ്ക്കും. വീട്ടുകാര്യങ്ങള്‍ നിങ്ങളും ശ്രദ്ധിക്കുന്നുണ്ട് എന്നത് പങ്കാളിയെ സന്തോഷിപ്പിക്കുകയും ചെയ്യും. ജോലിസ്ഥലത്തോ ബന്ധുവീടുകളിലോ വരുമാനത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഉണ്ടായാല്‍ അതില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ ശ്രമിക്കരുത്. നിങ്ങളുടെ ഉള്ളില്‍ ഈഗോ ഉണ്ടെന്നുള്ളതിന്‍റെ തെളിവായാണ് അവര്‍ ഇതിനെ കാണുക. പങ്കാളിയേക്കാള്‍ വരുമാനം കുറവാണെന്നതിന്‍റെ പേരില്‍ ഒഴിഞ്ഞുമാറുമ്പോള്‍ കൂടുതല്‍ കളിയാക്കലുകള്‍ കേള്‍ക്കേണ്ടി വരും. മറിച്ച് പങ്കാളിയ്ക്ക് തന്നേക്കാള്‍ വരുമാനം ഉണ്ടെന്നതില്‍ അഭിമാനിക്കുവാന്‍ ശ്രമിക്കുക. തനിക്ക് ഭാര്യയേക്കാള്‍ ശമ്പളം കുറവാണല്ലേ എന്നു ചോദിക്കുന്നവരോട് " അതെ അവള്‍ക്കു നല്ലൊരു ജോലിയുള്ളതു കൊണ്ട് ഞങ്ങള്‍ക്ക് കൂടുതല്‍ സമ്പാദിക്കാന്‍ കഴിയുന്നു" എന്നു പറയുക. വരുമാനത്തെ താരതമ്യം ചെയ്യുന്നവരുടെ ഉദ്ദേശം നിങ്ങളുടെ സന്തോഷം തല്ലിക്കെടുത്തുക എന്നതാണ്. നിങ്ങള്‍ ആ താരതമ്യപ്പെടുത്തല്‍ ആസ്വദിക്കുന്നു എന്ന തോന്നല്‍ അവര്‍ക്കുണ്ടായാല്‍ ചോദ്യങ്ങളുമായി അവര്‍ വീണ്ടും പിന്നാലെ വരികയില്ല.

സാമ്പത്തികസുരക്ഷിതത്വം പ്രധാനം

വിവാഹത്തോടെ രണ്ടു വ്യക്തികള്‍ ഒന്നാവുകയാണ് എന്ന തത്വം സാമ്പത്തികകാര്യങ്ങളിലും ബാധകമാണ്. നിന്‍റെ വരുമാനം ഇത്ര, എനിക്ക് ഇത്ര എന്നു പറയുന്നതിനു പകരം നമ്മുടെ മാസവരുമാനം ഇത്ര എന്നു പറഞ്ഞു ശീലിക്കുക. കുടുംബം മുന്നോട്ടു പോകണമെങ്കില്‍ സാമ്പത്തിക സുരക്ഷിതത്വം അത്യാവശ്യമാണ്. എന്നാല്‍ ഒരാളുടെ വരുമാനം പെട്ടന്നു നിലച്ചാല്‍ ചിലപ്പോള്‍ കാര്യങ്ങള്‍ താളം തെറ്റിയേക്കാം. ഒരാളുടെ വരുമാനം അപ്രതീക്ഷിതമായി കുറയാനിടയായാല്‍ എങ്ങനെ ചെലവുകള്‍ നിയന്ത്രിക്കാം എന്ന് ഒരുമിച്ചിരുന്ന് ചര്‍ച്ച ചെയ്യണം. പ്രതിസന്ധിയില്‍ നിങ്ങള്‍ ഒപ്പം ഉണ്ട് എന്ന തോന്നല്‍ തന്നെ പങ്കാളിയ്ക്ക് വലിയൊരു ആശ്വാസമായിരിക്കും. ജോലിയിലേയും വരുമാനത്തിലേയും വലിപ്പച്ചെറുപ്പങ്ങള്‍ കണക്കിലെടുക്കാതെ കുടുംബത്തിന്‍റെ ചെലവുകള്‍ക്കുള്ള പണം കണ്ടെത്താന്‍ ഒരുമിച്ച് അധ്വാനിക്കുകയാണ് വേണ്ടത്. പങ്കാളികളില്‍ ഒരാള്‍ക്ക് സുരക്ഷിതമായൊരു ജോലി ഉണ്ടെങ്കില്‍ കൂടി മറ്റേയാള്‍ ഒരു ജോലിയ്ക്ക് ശ്രമിക്കുന്നത് നല്ലതാണ്. ഒരാളുടെ വരുമാനം പെട്ടന്നു നിലച്ചാല്‍ പിടിച്ചു നില്‍ക്കാന്‍ ഇതു സഹായിക്കും. രണ്ടുപേരും സമ്പാദിക്കുകയും ഒരാള്‍ മാത്രം വീട്ടുചെലവുകള്‍ നടത്തുകയും ചെയ്യുന്ന രീതി ശരിയല്ല. രണ്ടുപേര്‍ക്കും വരുമാനം ഉണ്ടാകുമ്പോള്‍ ചെലവുകള്‍ തുല്യമായി വഹിക്കാം. നിക്ഷേപങ്ങളുടെ കാര്യത്തിലും ഒന്നിച്ച് തീരുമാനം എടുക്കുന്നത് നല്ലതാണ്. കുടുംബത്തിന്‍റെ ചെലവുകള്‍ കണക്കുകൂട്ടുകയും അതിനനുസരിച്ച് രണ്ടുപേര്‍ക്കും സമ്പാദിക്കാന്‍ കഴിയുന്ന തുക കണക്കു കൂട്ടുകയും അതനുസരിച്ച് നിക്ഷേപ മാര്‍ഗ്ഗങ്ങള്‍ തിരഞ്ഞെടുക്കുകയുമാണ് വേണ്ടത്. വരവും ചെലവും നിക്ഷേപവും പരസ്പരപങ്കാളിത്തത്തോടെയാകട്ടെ.

ചുമതലകള്‍ ഏറ്റെടുക്കാം

പങ്കാളികളില്‍ ഒരാള്‍ക്ക് ജോലിനഷ്ടപ്പെടുകയോ വരുമാനം കുറയുകയോ ചെയ്യുന്ന സാഹചര്യത്തില്‍ മറ്റേയാള്‍ക്ക് അസ്വാരസ്യമോ അസ്വസ്ഥതയോ അനുഭവപ്പെടുന്നത് സ്വാഭാവികമാണ്. കുടുംബത്തിന്‍റെ ഭാരം മുഴുവന്‍ തന്‍റെ ചുമലിലായതിന്‍റെ മാനസികപിരിമുറുക്കത്തിലായിരിക്കും അവര്‍. ജോലി നഷ്ടപ്പെട്ടയാള്‍ ഇതു മനസ്സിലാക്കാന്‍ തയ്യാറാകണം. പുതിയ വരുമാനമാര്‍ഗ്ഗം കണ്ടെത്തുന്നതു വരെ ക്ഷമയോടെ കാര്യങ്ങളെ നേരിടുകയാണ് വേണ്ടത്. ജോലിയില്ലാത്ത അവസരത്തില്‍ കുടുംബത്തിലെ ജോലികളും ഉത്തരവാദിത്വങ്ങളും കൂടുതലായി ഏറ്റെടുക്കാന്‍ ശ്രദ്ധിക്കുക. ഇത് വരുമാനം നേടുന്നയാള്‍ക്ക് വലിയൊരു ആശ്വാസമായിരിക്കും. വീട്ടുകാര്യങ്ങള്‍ നിങ്ങളും ശ്രദ്ധിക്കുന്നുണ്ട് എന്ന തോന്നല്‍ അവരില്‍ ഉണ്ടാകാന്‍ ഇതു കാരണമാകും.

കുടുംബത്തില്‍ രണ്ടുപേര്‍ക്കും വരുമാനം ഉണ്ടാകുമ്പോള്‍ മെച്ചപ്പെട്ട സാമ്പത്തികഭദ്രത കൈവരിക്കാന്‍ കഴിയും. എന്നാല്‍ വരുമാനത്തിലെ ഏറ്റക്കുറച്ചിലുകളുടെ പേരില്‍ അനാവശ്യമായ അപകര്‍ഷതാബോധവും കലഹങ്ങളും ഉണ്ടായാല്‍ അത് കുടുംബജീവിതത്തെ മോശമായി ബാധിക്കും. ചെലവുകളും ഉത്തരവാദിത്വങ്ങളും തുല്യമായി ഏറ്റെടുത്ത് പരസ്പരസഹകരണത്തോടെ മുന്നോട്ടു പോകാനാകണം ദമ്പതികള്‍ ശ്രമിക്കേണ്ടത്. അപ്പോള്‍ മാത്രമേ സന്തോഷകരമായ കുടുംബജീവിതം സാധ്യമാകൂ

Click here to view/download the original article.

Sandhya Rani .L

തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന 'കണ്‍സൊലേസ് കൗണ്‍സിലിങ് സര്‍വീസസിലെ' സീനിയര്‍ കൗണ്‍സിലറാണ് സന്ധ്യാ റാണി. കഴിഞ്ഞ എട്ടു വര്‍ഷമായി കൗണ്‍സിലിങ് രംഗത്ത് പ്രവര്‍ത്തിക്കുന്ന സന്ധ്യ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ബ്ലഡ് ബാങ്കിലും, കൊടുങ്ങാന്നൂര്‍ ഭാരതീയ വിദ്യാഭവന്‍ സ്കൂളിലും നിരവധി പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലും കൗണ്‍സിലറായി പ്രവര്‍ത്തിച്ചിട്ടുണ്ട ്. വ്യക്തിഗത കൗണ്‍സിലിങിനു പുറമേ വിദേശത്തുള്ളവര്‍ക്ക് ഓണ്‍ലൈന്‍ വഴിയും കണ്‍സൊലേസ് കൗണ്‍സിലിങ് സര്‍വീസസിലൂടെ കൗണ്‍സിലിങ് സേവനം ലഭ്യമാക്കുന്നു. ഫാമിലി, ചൈല്‍ഡ് കൗണ്‍സിലിങിലാണ് സന്ധ്യ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത്.

Appointments

Our Latest Articles

 • ജീവിതത്തില്‍ വിശ്രമിക്കാന്‍ സമയം കണ്ടെത്തൂ

  Our Article published in IMA Nammude Aarogyam Magazine-July 2017

  Read More

 • വിഷാദം : ഒരു മാനസിക അര്‍ബുദം

  (Our Article published in Arogyamangalam Magazine - June 2017)

  Read More

 • പ്രശ്നങ്ങള്‍ക്കെതിരെ ഒരു സര്‍ജിക്കല്‍ സ്ട്രൈക്ക്

  Our Article published in IMA Nammude Aarogyam Magazine-March 2017

  Read More

 • അവളുടെ ചിലവിൽ ഞാനോ... അയ്യേ!

  Our Article published in

  Read More