വിഷാദം : ഒരു മാനസിക അര്‍ബുദം

(Our Article published in Arogyamangalam Magazine - June 2017)

വിഷാദം : ഒരു മാനസിക അര്‍ബുദം

മനീഷ് തിരുവനന്തപുരത്തെ ഒരു സ്വകാര്യബാങ്കില്‍ ഉദ്യോഗസ്ഥനാണ്. ഭാര്യ വീണ അധ്യാപികയാണ്. കോട്ടയം സ്വദേശികളായ ഇരുവരും കുട്ടികള്‍ക്കൊപ്പം ആറു വര്‍ഷമായി തിരുവനന്തപുരത്താണ് താമസം. ഇരുവരും തമ്മില്‍ കാര്യമായ വഴക്കുകളോ പ്രശ്നങ്ങളോ ഇല്ല. എങ്കിലും വീണ ഒരു ദിവസം എന്നെ കാണാന്‍ വന്നു. മനീഷിന്‍റെ സ്വഭാവത്തില്‍ അടുത്തിടെയായി ചില മാറ്റങ്ങള്‍ വന്നു എന്നതായിരുന്നു അതിന് കാരണം. സാധാരണനിലയില്‍ വീട്ടിലെത്തിയാല്‍ വീണയോടും കുട്ടികളോടും ഒപ്പം മുഴുവന്‍ സമയവും ചെലവിടാറുള്ള മനീഷ് നീണ്ടനേരം ഒറ്റയ്ക്കിരിക്കാന്‍ താത്പര്യം കാണിക്കുന്നു.

കാര്യം തിരക്കിയെങ്കിലും അയാള്‍ ഒന്നുമില്ല എന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുകയാണ് ഉണ്ടായത്. ദിവസങ്ങളോളം ഇത് തുടര്‍ന്നപ്പോള്‍ മനീഷിന്‍റെ ഓഫീസിലെ ചില സഹപ്രവര്‍ത്തകരെ വിളിച്ച് വീണ കാര്യം തിരക്കി. എന്നാല്‍ ഓഫീസില്‍ പ്രത്യേകിച്ച് പ്രശ്നങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ലെന്ന മറുപടിയാണ് അവര്‍ നല്‍കിയത്. അവധി ദിവസങ്ങളില്‍ കുട്ടികള്‍ക്കൊപ്പം പുറത്തു പോകാനോ ബന്ധുവീടുകളിലെ ചടങ്ങുകളില്‍ പങ്കെടുക്കാനോ മനീഷ് കൂട്ടാക്കുന്നില്ല. മുഴുവന്‍ സമയവും മടിപിടിച്ചതു പോലെ കിടക്കുന്നു. മിക്കപ്പോഴും ടി.വി ഓണ്‍ ചെയ്ത് അതിനു മുന്നില്‍ ഇരിക്കും. എന്നാല്‍ ടി.വിയിലെ പ്രോഗ്രാമുകള്‍ ശ്രദ്ധിക്കുന്നതായി തോന്നാറില്ല.

മനീഷിന് എന്താണ് സംഭവിച്ചതെന്നായിരുന്നു വീണയ്ക്ക് അറിയേണ്ടത്. പിന്നീട് മനീഷുമായി സംസാരിച്ചപ്പോള്‍ വീണ പറഞ്ഞത് ശരിയാണെന്ന് ബോധ്യപ്പെട്ടു. ആകെ മടുത്തു എന്ന രീതിയിലായിരുന്നു അയാളുടെ സംസാരം. മനീഷിന് ബാങ്കിങ് മേഖലയില്‍ ജോലിനോക്കാന്‍ തീര്‍ത്തും താത്പര്യമില്ലായിരുന്നു. എന്നാല്‍ പഠനം കഴിഞ്ഞ ഉടനെ കിട്ടിയ ജോലി എന്ന നിലയ്ക്ക് അയാള്‍ ഈ രംഗത്ത് എത്തിപ്പെടുകയായിരുന്നു. ഓഫീസിലെ ടാര്‍ഗറ്റും വര്‍ക്ക്പ്രഷറും പലപ്പോഴും അയാള്‍ക്ക് താങ്ങാവുന്നതിനും അപ്പുറമായിരുന്നു.

അടുത്തിടെ അയാള്‍ ഒപ്പം പഠിച്ച ഒരു സുഹൃത്തിനെ കണ്ടു. അയാള്‍ ഇപ്പോള്‍ വിദേശത്തെ ഒരു പ്രമുഖ കമ്പനിയില്‍ ഉന്നത ഉദ്യോഗസ്ഥനായിരുന്നു. പഠിക്കുമ്പോള്‍ തന്നേക്കാള്‍ എത്രയോ പിന്നിലായിരുന്ന കൂട്ടുകാരന്‍ ഇപ്പോള്‍ തന്നേക്കാള്‍ എത്രയോ ഉയരത്തിലാണെന്ന് മനീഷ് ചിന്തിച്ചു. അന്നേ ദിവസം അതു മാത്രമായിരുന്നു അയാളുടെ ചിന്ത. ഈ സംഭവത്തോടെ മനീഷ് തന്‍റെ കരിയറിനെ കുറിച്ച് കൂടുതല്‍ ആലോചിക്കാന്‍ തുടങ്ങി. കൂടുതല്‍ ആഴത്തില്‍ ആലോചിക്കും തോറും തനിക്ക് എവിടേയും എത്താന്‍ കഴിഞ്ഞില്ലെന്ന ചിന്ത അയാളുടെ ഉള്ളില്‍ ഉറച്ചു.

ജോലിയോട് പതിയെ മടുപ്പ് തോന്നിത്തുടങ്ങി. ഇത് അയാളുടെ കുടുംബജീവിതത്തേയും ബാധിച്ചു. മടുപ്പും നിരാശയും അയാളെ വിഷാദത്തിന്‍റെ വക്കോളം കൊണ്ടെത്തിച്ചു. ഈ രീതിയില്‍ കൂടുതല്‍ മുന്നോട്ടു പോയാല്‍ മനീഷിന്‍റെ ജീവിതത്തില്‍ കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാകുമായിരുന്നു. എന്നാല്‍ വീണയുടെ യുക്തിപൂര്‍ണ്ണമായ ഇടപെടല്‍ ഇവിടെ രക്ഷയായി. കൃത്യമായ ഇടവേളകളില്‍ കൗണ്‍സിലിങ് നല്‍കിയതിലൂടെ അയാളെ ഈ അവസ്ഥയില്‍ നിന്നു മോചിപ്പിക്കാനായി.

വിഷാദം തിരിച്ചറിയാം?

സാധാരണനിലയിലുള്ള മനസ്സില്‍ നിന്നും വിഷാദത്തിലേയ്ക്കുള്ള അതിര്‍വരമ്പ് വളരെ നേര്‍ത്തതാണ്. എല്ലാ വ്യക്തികളും ജീവിതത്തില്‍ ഒരുപരിധി വരെ മാനസികപിരിമുറുക്കവും ദേഷ്യവും സങ്കടവും നിരാശയും അനുഭവിക്കുന്നുണ്ട്. ഇത്തരത്തില്‍ മാനസികപിരിമുറുക്കം അനുഭവിക്കുന്നവരില്‍ മിക്കവരും തിരികെ സ്വാഭാവികജീവിതത്തിലേയ്ക്ക് മടങ്ങിയെത്താറുണ്ട്. എന്നാല്‍ ചില സാഹചര്യങ്ങളില്‍ ചിലര്‍ക്ക് സാധാരണനിലയിലേയ്ക്ക് മടങ്ങിയെത്താന്‍ കഴിയാതെ പോകുന്നു. അത്തരം വ്യക്തികള്‍ക്കാണ് വിഷാദരോഗത്തിനുള്ള ചികിത്സയും കൗണ്‍സിലിങും ആവശ്യമായി വരുന്നത്.

വിഷാദരോഗത്തിന്‍റെ ലക്ഷണങ്ങള്‍ ഓരോ വ്യക്തിയിലും വ്യത്യാസപ്പെട്ടിരിക്കും. നിരാശയും ദു:ഖവും നീണ്ട കാലയളവില്‍ അനുഭവപ്പെടുന്നത് വിഷാദരോഗത്തിന്‍റെ ലക്ഷണങ്ങളിലൊന്നാണ്. ഒരു കാര്യത്തിലും സന്തോഷം കണ്ടെത്താന്‍ കഴിയാതിരിക്കുക, തുടര്‍ച്ചയായി അനുഭവപ്പെടുന്ന തലവേദന, ദഹനക്കുറവ്, കുറ്റബോധം, ജീവിതത്തെ കുറിച്ച് പ്രതീക്ഷയില്ലാതാവുക, ജോലിയില്‍ ശ്രദ്ധപുലര്‍ത്താന്‍ കഴിയാതെയാകുക, ഉറക്കൂടുതല്‍/ ഉറക്കക്കുറവ്, ലൈംഗിക വിരക്തി, സമൂഹത്തിലെ മറ്റുള്ളവരില്‍ നിന്ന് അകന്നു നില്‍ക്കാനുള്ള പ്രവണത എന്നിവ വിഷാദരോഗത്തിന്‍റെ സൂചനകളാണ്.

പുലര്‍ച്ചെ എഴുന്നേല്‍ക്കുമ്പോള്‍ മുതല്‍ ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെടുകയും ഒന്നിനും ഉത്സാഹമില്ലാതിരിക്കുകയും ചെയ്യുന്നതും ഇടയ്ക്കിടെ ആത്മഹത്യയെ കുറിച്ച് ചിന്തിക്കുന്നതും കടുത്ത വിഷാദരോഗത്തിന്‍റെ ലക്ഷണമാണ്. അമിതമായ ഉത്കണ്ഠയും ദഹനപ്രശ്നങ്ങളും വിഷാദരോഗികളില്‍ കണ്ടുവരാറുണ്ട്.. വിഷാദത്തിന് അടിമപ്പെടുന്നവരില്‍ ചിലര്‍ മദ്യവും ലഹരിവസ്തുക്കളും അമിതമായി ഉപയോഗിക്കുന്നു. തുടര്‍ച്ചയായി രണ്ടാഴ്ചയിലധികം ഇത്തരം ലക്ഷണങ്ങളില്‍ ഏതെങ്കിലും നിലനില്‍ക്കുന്നുവെങ്കില്‍ വിഷാദരോഗം ബാധിച്ചതായി അനുമാനിക്കാം.

മനസ് തളരാൻ കാരണം

വിഷാദരോഗത്തിന്‍റെ കാരണങ്ങളെ നിര്‍വചിക്കുക പ്രയാസകരമാണ്. ഓരോ വ്യക്തിയിലും പല കാരണങ്ങള്‍ കൊണ്ട് വിഷാദം ഉണ്ടാകാം. വ്യക്തി ജീവിതത്തില്‍ പെട്ടെന്നുണ്ടായ പ്രതിസന്ധികള്‍ ചിലരെ വിഷാദത്തിലേയ്ക്ക് നയിക്കാം. ഉറ്റവരുടെ മരണം, അപകടം, പെട്ടെന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി അങ്ങനെ എന്തും വിഷാദത്തിന് കാരണമാകാം. അതേസമയം മറ്റു ചിലര്‍ കഴിഞ്ഞ കാല ജീവിതത്തില്‍ ഉണ്ടായ സംഭവങ്ങളെ കുറിച്ച് ആലോചിച്ച് നിരാശപ്പെടുന്നു. ചെറുപ്പകാലത്ത് ഉണ്ടായ ദുരനുഭവങ്ങള്‍ ഇവരുടെ മനസ്സില്‍ കരടായി കിടക്കുന്നുണ്ടാകാം. അതില്‍ നിന്ന് ഉണ്ടായ പാപഭാരമോ ദേഷ്യമോ നിരാശയോ അങ്ങനെ എന്തും ചിലപ്പോള്‍ വിഷാദത്തിലേയ്ക്ക് നയിക്കാം.

സമൂഹത്തിലെ മറ്റു വ്യക്തികളുമായി തുറന്ന് ഇടപഴകാതെ ഒറ്റപ്പെട്ട ജീവിതം നയിക്കുന്നവരില്‍ വിഷാദത്തിനുള്ള സാധ്യത കൂടുതലാണ്. വിവാഹബന്ധത്തില്‍ തകര്‍ച്ച നേരിട്ടവരില്‍ വലിയൊരു ശതമാനവും വിഷാദം അനുഭവിക്കുന്നു. ജോലിയില്ലാത്ത അവസ്ഥയും കരിയറിലെ തകര്‍ച്ചയും ഈ രോഗത്തിന് കാരണമാകുന്നു. സ്ത്രീകളില്‍ ആര്‍ത്തവകാലങ്ങളിലും ഗര്‍ഭകാലത്തും വിഷാദത്തിന് സാധ്യതയേറെയാണ്. ഭാവിയെ കുറിച്ചുള്ള അമിതമായ ആശങ്കകളും വിഷാദത്തിലേയ്ക്ക് നയിക്കാം. ചുരുക്കത്തില്‍ വ്യത്യസ്തമായ സാഹചര്യങ്ങളും കാരണങ്ങളും കൊണ്ട് ഏത് പ്രായത്തിലുള്ള വ്യക്തികള്‍ക്കും എപ്പോള്‍ വേണമെങ്കിലും അനുഭവപ്പെടാവുന്ന ഒരു രോഗാവസ്ഥയാണ് വിഷാദം. .

പ്രയാസങ്ങള്‍ പങ്കുവയ്ക്കാം

വിശ്വസ്തനായ ഒരാളോട് നിങ്ങളുടെ പ്രശ്നങ്ങള്‍ പങ്കുവയ്ക്കുക എന്നതാണ് വിഷാദത്തില്‍ നിന്ന് മോചനം നേടാനുള്ള ആദ്യ വഴി. നിങ്ങള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ അതേ രീതിയില്‍ ഉള്‍ക്കൊള്ളാനും ആശ്വസിപ്പിക്കാനും കഴിയുന്നയാളോട് ആകണം സംസാരിക്കേണ്ടത്. മനസ്സ് ദു:ഖിതമാകുമ്പോള്‍ സമൂഹത്തില്‍ നിന്ന് അകന്നു നില്‍ക്കാനുള്ള പ്രവണത പലരും കാണിക്കാറുണ്ട്. എന്നാല്‍ മറ്റു വ്യക്തികളില്‍ നിന്നും അകലം പാലിക്കുമ്പോള്‍ മാനസികപിരിമുറുക്കവും പ്രയാസവും കൂടുകയാണ് ചെയ്യുന്നത്. പകരം പതിയെ മറ്റുളളവരുമായി ഇടപഴകാന്‍ ശ്രമിക്കുക. ഇത് മനസ്സിന് ഉേډഷം നല്‍കും. തിരക്കേറിയ ജീവിതം നയിക്കുന്ന നഗരവാസികളില്‍ പലരും ഒറ്റപ്പെട്ട ജീവിതമാണ് നയിക്കുന്നത്. മറ്റുള്ളവരുമായി ഇടപഴകാനോ വിശേഷങ്ങള്‍ പങ്കുവയ്ക്കാനോ അവര്‍ക്ക് സമയം ഇല്ല. ഇത്തരത്തില്‍ സമൂഹത്തില്‍ നിന്ന് ഒറ്റപ്പെട്ട ജീവിതം നയിക്കുന്നവരില്‍ വലിയൊരു ശതമാനവും വിഷാദരോഗം അനുഭവിക്കുന്നതായി കാണാം. നല്ല സൗഹൃദങ്ങള്‍ വളര്‍ത്തിയെടുക്കുക. ഒരോ ദിവസവും കുറച്ചു സമയമെങ്കിലും നിങ്ങള്‍ ഇഷ്ടപ്പെടുന്ന വ്യക്തികളുമായി സംസാരിക്കുക. പ്രയാസങ്ങള്‍ എത്ര വലുതായാലും അത് മനസ്സില്‍ ഒളിപ്പിക്കാതെ പങ്കുവയ്ക്കാന്‍ ശീലിക്കുക.

പ്രതീക്ഷ ഉണ്ടാവണം

ജീവിതത്തില്‍ ഒരിക്കലെങ്കിലും പ്രതിസന്ധിയിലൂടെ കടന്നു പോകാത്ത മനുഷ്യര്‍ ഈ ഭൂമിയില്‍ ഇല്ല. പ്രതിസന്ധികള്‍ ജീവിതത്തില്‍ പ്രയാസം സൃഷ്ടിക്കും. അത് ഉള്‍ക്കൊള്ളുകയും ക്ഷമയോടെ അതിനെ നേരിടാന്‍ ശ്രമിക്കുകയും മാത്രമാണ് മുന്നിലുള്ള പോംവഴി. എന്നെങ്കിലും ഒരിക്കല്‍ ഞാന്‍ ഈ പ്രതിസന്ധിയില്‍ നിന്ന് പുറത്തു കടക്കും എന്ന വിശ്വാസം മനസ്സില്‍ സൂക്ഷിക്കുക. ഉദാഹരണത്തിന് നിങ്ങള്‍ ഒരു ജോലി നേടിയെടുക്കാന്‍ ശ്രമിക്കുകയാണെന്നിരിക്കട്ടെ.

ഒരുപാട് ശ്രമിച്ചതിന് ശേഷവും അത് ലഭിക്കാതെ വരുമ്പോള്‍ നിരാശയുണ്ടാകുക സ്വാഭാവികമാണ്. എന്നാല്‍ ഒരിക്കല്‍ ഞാന്‍ അത് നേടിയെടുക്കും എന്ന വിശ്വാസം മനസ്സില്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ തളരില്ല. മറിച്ച് മനസ്സില്‍ ശുഭപ്രതീക്ഷകളൊന്നും ശേഷിക്കുന്നില്ലെങ്കില്‍ വിഷാദം നിങ്ങളെ എളുപ്പത്തില്‍ കീഴ്പ്പെടുത്തും. സ്വന്തം കഴിവില്‍ പൂര്‍ണ്ണമായി വിശ്വസിക്കുക. ജീവിതത്തില്‍ നഷ്ടപ്പെട്ട സന്തോഷം ഒരു നാള്‍ തിരികെ വരും എന്ന പ്രതീക്ഷയോടെ, അതിനായുള്ള കാത്തിരിപ്പായി ഓരോ ദിവസത്തേയും സമീപിക്കുക. വിഷാദം നി്ങ്ങളെ വിട്ടകലും എന്ന് ഉറപ്പ്.

വ്യായാമം ശീലമാക്കാം

ദിവസവും യോഗ, ധ്യാനം എന്നിവ ശീലിക്കുന്നത് വിഷാദരോഗത്തെ മറികടക്കാന്‍ സഹായകരമാണ്. ദിവസവും ചുരുങ്ങിയത് പതിനഞ്ചു മിനിറ്റ് നേരം ഏതെങ്കിലും തരത്തിലുള്ള വ്യായാമത്തിനായി നീക്കി വയ്ക്കുക. നിങ്ങള്‍ ഏറ്റവും ആസ്വദിക്കുന്ന കാര്യങ്ങള്‍ ചെയ്യാന്‍ സമയം കണ്ടെത്തുക.

ജോലിയ്ക്ക് അപ്പുറം താത്പര്യം ഉള്ള മേഖലയില്‍ കൂടുതല്‍ അറിവു വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കുക. ഒരു ദിവസത്തില്‍ ഉണര്‍ന്നിരിക്കുന്ന സമയം അത്രയും എന്തെങ്കിലും കാര്യങ്ങള്‍ ചെയ്തു കൊണ്ടിരിക്കാന്‍ ശ്രമിക്കുക. മനസ്സും ശരീരവും തീര്‍ത്തും അലസമാകുന്ന അവസ്ഥയില്‍ വിഷാദം പിടികൂടാന്‍ സാധ്യതയേറെയാണ്.

2030 ആകുമ്പോഴേയ്ക്കും ലോകത്തിലെ ഏറ്റവും കൂടുതല്‍ വ്യക്തികള്‍ക്ക് ഉണ്ടാകുന്ന രോഗം വിഷാദമാണെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. കുട്ടികളില്‍ വിഷാദരോഗത്തെ കുറിച്ചുള്ള അവബോധം വളര്‍ത്തേണ്ടത് അത്യാവശ്യമാണ്. സ്കൂള്‍പാഠപുസ്തകങ്ങളില്‍ വിഷാദരോഗത്തെ കുറിച്ചും അതിനെ മറികടക്കാനുള്ള മാര്‍ഗ്ഗങ്ങളെ കുറിച്ചും ഉള്‍പ്പെടുത്തുന്നത് ഉചിതമാണ്. കുട്ടികള്‍ ചെറുപ്പത്തില്‍ വിഷമിച്ചിരിക്കുന്നു എന്നു കാണുമ്പോള്‍ രക്ഷിതാക്കള്‍ അവരെ കൂടുതല്‍ ശ്രദ്ധിക്കുകയും ലാളിക്കുകയും ചെയ്യുന്നതായി കാണാം. എന്നാല്‍ ഇത് ചില കുട്ടികളിലെങ്കിലും തെറ്റായ ധാരണ സൃഷ്ടിക്കും.

ദുഃഖിച്ചിരിക്കുമ്പോഴാണ് കൂടുതല്‍ ശ്രദ്ധ കിട്ടുന്നത് എന്ന് അവര്‍ ചിന്തിക്കും. മുതിരുമ്പോള്‍ പോലും ഈ ധാരണ അവരുടെ മനസ്സില്‍ നിന്ന് മായില്ല. അതുകൊണ്ടു തന്നെ ശ്രദ്ധകിട്ടാനായി അവര്‍ വിഷമം അഭിനയിക്കുവാന്‍ പോലും മുതിര്‍ന്നേക്കാം. ഇത് രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ട വിഷയമാണ്. വിഷമിച്ചിരിക്കുമ്പോള്‍ നല്‍കുന്നതിനേക്കാള്‍ കൂടുതല്‍ ശ്രദ്ധ അവന്‍ സന്തോഷവാനായിരിക്കുമ്പോള്‍ കൊടുക്കുകയും വിഷമിച്ചിരിക്കുന്ന അവസ്ഥയില്‍ നിന്ന് എത്രയും പെട്ടെന്ന് പുറത്തു കടക്കണം എന്ന തിരിച്ചറിവ് ഉണ്ടാക്കിയെടുക്കുകയും ചെയ്യുന്നിടത്താണ് ഓരോ രക്ഷിതാവിന്‍റേയും വിജയം. ഇപ്രകാരം ജീവിക്കുന്ന ഒരു കുട്ടിയ്ക്ക് ഭാവിയില്‍ പ്രശ്നങ്ങള്‍ തരണം ചെയ്യാന്‍ മറ്റുള്ളവരേക്കാള്‍ എളുപ്പമായിരിക്കും. മാത്രമല്ല, ഇപ്രകാരം വളര്‍ത്തിയെടുക്കുന്ന ഒരു കുട്ടി നാളത്തെ കിടമത്സരം നിറഞ്ഞ ലോകത്ത് വിഷാദരോഗത്തിന് അടിമപ്പെടില്ല എന്ന് നമുക്ക് പൂര്‍ണ്ണമായും വിശ്വസിക്കാം.

പ്രായഭേദമില്ലാതെ ഏതൊരാള്‍ക്കും അനുഭവപ്പെടാവുന്ന അവസ്ഥയാണ് വിഷാദം. വളരെ ഗൗരവത്തോടെ സമീപിക്കേണ്ട ഒരു രോഗമാണിത്. തക്കസമയത്ത് ചികിത്സിച്ചില്ലെങ്കില്‍ വിഷാദം മനസ്സിനെ കാര്‍ന്നു തിന്നുകയും രോഗിയുടെ ജീവന്‍ തന്നെ അപകടത്തിലാകുകയും ചെയ്യുന്നു.

ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞ് ആരംഭത്തില്‍ തന്നെ ചികിത്സ തുടങ്ങുക എന്നതു മാത്രമാണ് വിഷാദത്തില്‍ നിന്ന് മോചനം നേടാനുള്ള പോംവഴി. അതോടൊപ്പം മനസ്സില്‍ നിന്ന് നെഗറ്റീവ് ആയ കാര്യങ്ങള്‍ തുടച്ചു നീക്കി ശുഭചിന്തകള്‍ കൊണ്ടു നിറയ്ക്കാന്‍ ശ്രമിക്കുക. വിഷാദത്തെ നിങ്ങള്‍ക്ക് കീഴ്പ്പെടുത്താന്‍ കഴിയും എന്ന് ഉറപ്പ്.

(കുറിപ്പ് : ഇതില്‍ ഉപയോഗിച്ചിരിക്കുന്ന പേരുകള്‍ യഥാര്‍ത്ഥമല്ല)

Click here to view/download the original article.

Sandhya Rani .L

തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന 'കണ്‍സൊലേസ് കൗണ്‍സിലിങ് സര്‍വീസസിലെ' സീനിയര്‍ കൗണ്‍സിലറാണ് സന്ധ്യാ റാണി. കഴിഞ്ഞ എട്ടു വര്‍ഷമായി കൗണ്‍സിലിങ് രംഗത്ത് പ്രവര്‍ത്തിക്കുന്ന സന്ധ്യ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ബ്ലഡ് ബാങ്കിലും, കൊടുങ്ങാന്നൂര്‍ ഭാരതീയ വിദ്യാഭവന്‍ സ്കൂളിലും നിരവധി പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലും കൗണ്‍സിലറായി പ്രവര്‍ത്തിച്ചിട്ടുണ്ട ്. വ്യക്തിഗത കൗണ്‍സിലിങിനു പുറമേ വിദേശത്തുള്ളവര്‍ക്ക് ഓണ്‍ലൈന്‍ വഴിയും കണ്‍സൊലേസ് കൗണ്‍സിലിങ് സര്‍വീസസിലൂടെ കൗണ്‍സിലിങ് സേവനം ലഭ്യമാക്കുന്നു. ഫാമിലി, ചൈല്‍ഡ് കൗണ്‍സിലിങിലാണ് സന്ധ്യ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത്.

Appointments

Our Latest Articles

 • അവർ ക്രിമിനലുകളല്ല

  (Our Article published in Our KIDS Magazine-February 2018)

  Read More

 • ബന്ധുക്കൾ തലവേദനയാകുമ്പോൾ

  Our Article published in Aarogyamangalam Magazine-February 2018

  Read More

 • കലഹം വേണ്ട കൗമാരത്തോട്

  Our Article published in Our KIDS Magazine-January 2017

  Read More

 • പ്രതിസന്ധികളിൽ തളരാതിരിക്കാൻ...

  Our Article published in Our KIDS Magazine-November 2017

  Read More